ന്യൂഡൽഹി: ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.ലഹരി വില്‍പനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല, വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത് നില്‍ക്കുകയാണെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നീരീക്ഷണം.
ഇത്തരം കേസുകളില്‍ പിടിയിലാകുന്നത് ചെറുകിടക്കാര്‍ മാത്രമാണ്. മുഴുവനായി ലഹരി ശൃംഖലയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതിന് സംസ്ഥാനങ്ങള്‍ അതീവ പ്രാധാന്യം നല്‍കണമെന്നും കോടതി നീരീക്ഷിച്ചു. രാജ്യത്തിന്‍റെ അതിര്‍ത്തി മേഖലകളില്‍ അടക്കം ലഹരിക്കടത്ത് കൂടുകയാണ്. ഇതിന് തടയിടാനാകണമെന്നും കോടതി പറഞ്ഞു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം പിടികൂടുന്ന ലഹരി വസ്തുവിന്‍റെ രാസപരിശോധന സംബന്ധിച്ച് വിവിധ ഹൈക്കോടതികളില്‍ നിന്ന് വൃത്യസ്ത ഉത്തരവുകളാണ് നിലവിലുള്ളത്. രാസപരിശോധന ഫലം ഇല്ലാത്തതിനാല്‍ പല കോടതികളും ജാമ്യം നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നടക്കം ലഹരികേസുകളില്‍ പ്രതികളായവര്‍ നല്‍കിയ എട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നീരിക്ഷണം
കുറ്റപത്രത്തിനൊപ്പം രാസപരിശോധന ഫലം ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ വെക്കുമെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിലെ നിയമപ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കോടതിയെ സമീപിച്ച് ജാമ്യം കിട്ടാത്ത പ്രതികള്‍ക്ക് കേസില്‍ തീര്‍പ്പ് കല്‍പിക്കുന്നത് വരെ ഇടക്കാല ജാമ്യം നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിന്നും എറണാകുളത്തെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ലഹരികേസിലെ പ്രതി ഷമീറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരിയാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും സമാനഹര്‍ജികള്‍ എത്തിയിരുന്നു.