Timely news thodupuzha

logo

തൊടുപുഴ പുഴയോര ബൈപ്പാസ് അപകടക്കെണി:ആര്‍.ടി.ഒ റിപ്പോര്‍ട്ട് നല്‍കി; കലക്ടര്‍ റോഡ് അടപ്പിച്ചു.

തൊടുപുഴ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയ തൊടുപുഴ പുഴയോര ബൈപ്പാസിലൂടെയുള്ള ഗതാഗതം വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഗതാഗതം നിരോധിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ നസീറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ലഭിച്ച് നിമിഷങ്ങള്‍ക്കകം റോഡിലെ ഗതാഗതം നിരോധിച്ച് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ചു.
ഒന്നര കിലോമീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലും നിര്‍മാണം പുര്‍ത്തിയായ പുഴയോര ബൈപ്പാസ് റോഡും പുഴയുമായി രണ്ടരമീറ്റര്‍ അകലമേയുള്ളൂ. പുഴയും റോഡും തമ്മില്‍ വേര്‍തിരിക്കാന്‍ ക്രാഷ് ബാര്യറുകള്‍ സ്ഥാപിച്ചിട്ടില്ല. റോഡ് മാര്‍ക്കിങുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, സ്ട്രീറ്റ്  ലൈറ്റുകള്‍, റിഫ്‌ലക്ടീവ് പോസ്റ്റുകള്‍, പാരപ്പെറ്റുകള്‍ എന്നിവയും ഇല്ല. റോഡ് നിരപ്പില്‍ നിന്നും 10 മീറ്റര്‍ താഴെ പുഴയാണ്. സംരക്ഷണഭിത്തിക്ക് ചേര്‍ന്ന് കരിങ്കല്‍കൂനയുമുണ്ട്. ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്തിരിക്കുന്ന ഈ റോഡിലൂടെ രാത്രികാലങ്ങളിലടക്കം അമിത വേഗത്തിലാണ് വാഹനങ്ങള്‍ പായുന്നത്. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ ദൂരക്കാഴ്ച ലഭിക്കില്ല. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് പുഴയിലേക്കോ പുഴയില്‍ വെള്ളം കുറവുള്ള സമയങ്ങളില്‍ കരിങ്കല്‍ കൂനയിലേക്കോ മറിഞ്ഞാല്‍ മരണം വരെ സംഭവിക്കാന്‍ ഇടയുള്ള അപകടത്തിലേക്ക് നയിക്കുമെന്ന് ആര്‍.ടി.ഒ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണ തോതില്‍ റോഡ് ഗതാഗത സജ്ജമാകുന്നതുവരെ എല്ലാത്തരത്തിലുമുള്ള ഗതാഗതവും നിരോധിക്കണമെന്ന് ജില്ലാ റോഡ് സേഫ്റ്റി കണ്‍വീനര്‍ കൂടിയായ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ നസീറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ റോഡ് അടിയന്തരമായി അടയ്ക്കാന്‍ തൊടുപുഴ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ ശൈലേന്ദ്രന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *