Timely news thodupuzha

logo

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ടി.ഒ.സൂരജിനെതിരെ നടപടി. അദ്ദേഹത്തിന്‍റെ പേരിലുളള എട്ട് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.  

സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തി. ഇതിലും സൂരജ് കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി.

പ്രാഥമിക നടപടിയെന്ന നിലയിലാണ് ഇഡി സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. 2004 മുതൽ 2014 വരെയുളള കാലഘട്ടത്തിലെ വരുമാനവും സ്വത്തുക്കളുമാണ് പഠന വിധേയമാക്കിയത്. ഈ പത്ത് വർഷത്തിൽ സൂരജിന്‍റെ സ്വത്തിൽ 114 ശതമാനത്തിന്‍റെ വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്‍റെ കണക്ക്. 11 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് കണ്ടെത്തിയത്. വിജിലന്‍സ് കുറ്റപത്രത്തിൽ ഇത് സൂചിപ്പിച്ചിരുന്നു.

ടിഒ സൂരജിന്‍റെ മകള്‍ക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തിരുന്നു. ഡോ എസ് റിസാന ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മാറാട് പൊലീസാണ് കേസ് എടുത്തത്. റിസാനയുടെ പേരില്‍ ബേപ്പൂരിലുള്ള 60 സെന്‍റ് സ്ഥലം വില്‍ക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്‍റ് സ്ഥലം മാത്രം നല്‍കി വഞ്ചിച്ചെന്നായിരുന്നു കേസ്. ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരന്‍. 

Leave a Comment

Your email address will not be published. Required fields are marked *