മലങ്കര: മുട്ടം -തൊടുപുഴ റൂട്ടിൽ മ്രാല, മൂന്നാം മൈൽ പ്രദേശങ്ങളിൽ പാതയോത്തെ മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മൂന്നാംമൈൽ – മ്രാല ഭാഗത്ത് പത്തോളം വലിയ മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ചെറിയ കാറ്റടിച്ചാൽ പോലും ഒടിഞ്ഞ് നിലത്തേക്ക് വീഴുന്ന അവസ്ഥയിലുള്ളത്.
ഉണങ്ങി ദ്രവിച്ച നിരവധി മരങ്ങളുടെ ശിഖരങ്ങളും പ്രദേശത്ത് അപകട ഭീഷണിയാണ്. മരങ്ങൾ പൂർണ്ണമായും ചുവടോടെ മുറിക്കാതെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മാത്രം മുറിച്ച് പ്രശ്നം പരിഹരിക്കണം.
ഏതാനും മാസങ്ങൾക്ക് മുൻപ് മൂന്നാംമൈൽ ഭാഗത്ത് പാതയോരത്തെ വലിയ മരം കട പുഴകി സമീപത്തെ വീടിന്റ മുറ്റത്തേക്ക് പതിച്ചിരുന്നു. വീടിന്റെ മുറ്റത്ത് ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
തൊടുപുഴ, മൂലമറ്റം – ഹൈറേഞ്ച്, പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലേക്കുള്ള ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും കടന്ന് പോകുന്ന പാതയോരത്താണ് മരങ്ങൾ അപകടാവസ്ഥയിലുള്ളത്. പൊതുമരാമത്ത്, കരിങ്കുന്നം പഞ്ചായത്ത് അധികൃതർ പ്രശ്ന പരിഹാരത്തിന് ഇടപെടൽ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.