Timely news thodupuzha

logo

എസ്.ബി.ഐ. യിലെ പരിഷ്കാരങ്ങൾ ജനവിരുദ്ധം: ബി.ഇ.എഫ്.ഐ.

തൊടുപുഴ;സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടപ്പാക്കുന്ന പുറംകരാർവൽക്കരണ നയങ്ങൾക്കെതിരായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ്റെ (ബി.ഇ.എഫ്.ഐ.) നേതൃത്വത്തിൽ തൊടുപുഴ റീജ്യണൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ  സംഘടിപ്പിച്ചു. ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ഐ റ്റി.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.മേരി, ബാങ്കുകളിൽ നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ജനങ്ങളോടും ചെറുപ്പക്കാരോടുമുള്ള വഞ്ചനയാണെന്നും ഇതിനെതിരായി തൊഴിലാളികളുടെയും, യുവാക്കളുടെയും, ബഹുജനങ്ങളുടെയും സംയുക്ത സമരങ്ങൾ ഉയർന്നു വരണമെന്നും അഭിപ്രായപ്പെട്ടു.

 ശാഖകളിൽ നിന്നും അന്യായമായി ജീവനക്കാരെ പിൻവലിച്ച് മൾട്ടി പ്രൊഡക്ട് സെയിൽസ് ഫോഴ്സ് (എം പി എസ് എഫ്) എന്ന പേരിൽ മാർക്കറ്റിങ്ങിനായി ഉപയോഗിക്കാനാണ് നീക്കം. കേരളത്തിൽ മാത്രം  ഇത്തരത്തിൽ 1300 ജീവനക്കാരെയാണ് ശാഖകളിൽ നിന്നും അടർത്തിമാറ്റിയിട്ടുള്ളത്. കേരളത്തിൽ 1800 ക്ലറിക്കൽ ജീവനക്കാർ കൂടുതലാണെന്ന മാനേജ്മെന്റിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം. നിലവിൽ തന്നെ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന ശാഖകൾ ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പല ശാഖകളിലും സ്ഥിതി അതീവ ഗുരുതരമാണ്. അത്യാവശ്യ സേവനങ്ങൾ പോലും നൽകാൻ കഴിയാതെ ഇടപാടുകാരും ജീവനക്കാരും തമ്മിലുള്ള ബന്ധം വഷളാകുന്ന സ്ഥിതിയാണുള്ളത്.  പുതുതായി ജീവനക്കാരെ നിയമിക്കാതെ കരാറടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതിന് വേണ്ടി രൂപീകരിച്ച സ്‌റ്റേറ്റ് ബാങ്ക് ഓപ്പറേഷൻ സപ്പോർട്ട് സബ്സിഡിയറിയുടെ (SBOSS)  പ്രവർത്തനം ഇടുക്കി ജില്ലയിലെ തൊടുപുഴ റീജണൽ ഓഫീസിന്റെ കീഴിൽ ആരംഭിച്ചതിനെ തുടർന്നാണ് തൊടുപുഴ ആർ.ബി.ഒ. ക്ക് മുമ്പിൽ ധർണ്ണ നടത്താൻ തീരുമാനിച്ചത്. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ ജനുവരി 24 ന് പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിക്കും. 

ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ.ബി.ഉദയകുമാർ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ ട്രഷറർ ആർ. രമേശ്, കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ  സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. മുഹമ്മദ് നസീർ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ്, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡൻ്റ് എം. എസ്. ശരത് എന്നിവർ സംസാരിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡൻ്റ് അമൽ രവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി. ജയരാജ് ധർണ്ണയുടെ ഡിമാൻ്റുകൾ വിശദീകരിച്ചു.  ബി.ഇ.എഫ്.ഐ. അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി സി.രാജീവൻ, ബി.ഇ.എഫ്.ഐ. അഖിലേന്ത്യാ വനിതാ സബ്കമ്മിറ്റി കൺവീനർ രജിതമോൾ കെ.കെ., ബി.ഇ.എഫ്.ഐ. സംസ്ഥാന പ്രസിഡൻ്റ് ഷാജു ആൻ്റണി, വൈസ് പ്രസിഡൻ്റ് സജി വർഗീസ് എന്നിവർ സംസാരിച്ചു. ബി.ഇ.എഫ്.ഐ. ജില്ലാ സെക്രട്ടറി ദിവേഷ് പി. ജോയി സ്വാഗതവും, ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു കൃതജ്ഞതയും രേഖപ്പെടുത്തി. 

Leave a Comment

Your email address will not be published. Required fields are marked *