കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ജുനൈസിൻ്റെ സഹായിയായ നിസാബാസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്.
ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് അനുസരിച്ച് പത്ത് വർഷം തടവ് ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചി എത്തിച്ചതെന്ന് ജുനൈസ് പൊലീസിന് മൊഴി നൽകി. വിലക്കുറവിലാണ് ഇത് നൽകിയത്. ജുനൈസിനെ രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും.