കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അഥോറിറ്റി പ്രതിക്കൂട്ടിലാകുന്നു. കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലെത്തിച്ച് ശുദ്ധീകരിച്ച് പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്യുന്നതാണ് പതിവ്.
ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്ത ബാധക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത.
ശരിയായ ക്ലോറിനേഷൻ നടത്താൻ ജല അഥോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡി.എം.ഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ പ്രതിഷേധവും അമർഷവും കൂടി.
പിഴവ് പറ്റിയാൽ നടപടി വേണ്ടേയെന്ന ചോദ്യമാണ് പഞ്ചായത്ത് ആവർത്തിക്കുന്നത്. വക്കുവള്ളി ചിറയിൽ മാലിന്യം കലരാതെ സൂക്ഷിക്കാനുള്ള നടപടികളും വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
മനുഷ്യൻ ഇനി എന്ത് വിശ്വസിച്ച് വെള്ളം കുടിക്കുമെന്നാണ് ചോദ്യം. ചിറയിലെ ശുദ്ധീകരിക്കാത്ത വെള്ളമാണ് ആരോഗ്യവകുപ്പ് പരിശോധിച്ചതെന്ന ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണമാണ് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചത്.
എന്തായാലും പഞ്ചായത്തിലെ പൊട്ടിയ പൈപ്പുകൾ ശരിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. രോഗ ബാധിതർക്ക് വാട്ടർ ബിൽ തുകയിൽ രണ്ട് മാസത്തെ ഇളവ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഇത്ര വലിയ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശിൽപ്പ സുധീഷ് ആവശ്യപ്പെട്ടു.