മൂലമറ്റം: മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അറക്കുളത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ വ്യത്യസ്ഥമായി. അറക്കുളം പഞ്ചായത്തിൻ്റെ പ്രവേശന കവാടമായ കൂവപ്പള്ളിയിൽ നിന്ന് തുടങ്ങി പുള്ളിക്കാനം വരെയുള്ള 10 കിലോമീറ്ററിലേറെ ദൂരം വരുന്ന വാഗമൺ, കുമളി, കുട്ടിക്കാനം, തേക്കടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സംസ്ഥാന പാതയാണ് വൃത്തിയാക്കിയത്.

വിനോദ സഞ്ചാരികൾ ഉപേക്ഷിച്ച കുപ്പികൾ, പാറകളിൽ എറിഞ്ഞുടച്ച കുപ്പിച്ചില്ലുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ചാക്കിൽ സംഭരിച്ചും, ഡ്രൈവർമാരുടെ കാഴ്ച മറച്ചിരുന്ന റോഡിനിരുവശവും വളർന്ന് നിന്ന കാടുകൾ വെട്ടി നീക്കിയും നടത്തിയ ക്ലീനിങ്ങ് പ്രവർത്തനങ്ങളിൽ നൂറ് കണക്കിന് ആൾക്കാർ പങ്കെടുത്തു.

കൂവപ്പള്ളി, പുത്തേട്, ഇലപ്പള്ളി എടാട് വാർഡുകളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഓരോ വാർഡിലേയും മെമ്പർമാരുടെ നേതൃത്ത്വത്തിൽ തൊഴിലുറപ്പ്, കുടുംബശ്രീ, ആരോഗ്യ വകുപ്പ് പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ഒരേ സമയം കൂവപ്പള്ളിയിൽ നിന്നും പുള്ളിക്കാനത്തു നിന്നും ആരംഭിച്ച ക്ലീനിങ്ങ് ഉച്ചയോടെ പുത്തേട്, ഇലപ്പള്ളി വാർഡുകളിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഉച്ചയോടെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, ബ്ലോക്ക് മെമ്പർ സ്നേഹൻ രവി, മെമ്പർമാരായഓമന ജോൺസൻ, എലിസബത്ത് ജോൺസൻ, ഷീജ സുരേഷ്, പി.ഏ വേലുക്കുട്ടൻ, ഗ്രാമസേവകരായ ജസിൽ, അനുശ്രീ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ഓവർസിയർ ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
തൊഴിലുറപ്പ് മേറ്റുമാർ, കുടുബശ്രീ സി.ഡി.എസ്, എ.ഡി.എസ് ചുമതലക്കാർ, ആശ വർക്കർമാർ എന്നിവരോടൊപ്പം നാട്ടുകാരും ഒത്ത് ചേർന്നപ്പോൾ ശുചീകരണ പ്രവർത്തനം ടൂറിസം മേഘലയിലേക്കുള്ള കവാടമായ അറക്കുളത്ത് വ്യത്യസ്ഥവും വേറിട്ടതുമായി.