തിരുവനന്തപുരം: വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷി എം.എൽ.എ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതിലൂടെ സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണ്.
ഇന്നലെ നടന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിൽ ഘടകകക്ഷി നേതാവ് കൂടിയായ എം.എൽ.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമർശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എൽ.എമാർ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗം നടത്തിയ അതേ ദിവസമാണ് ഭരണകക്ഷി എം.എൽ.എ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.