Timely news thodupuzha

logo

റിപ്പോർട്ട് ചോദിക്കുമ്പോൾ ഗൗരവമായി കാണണം: ഇടുക്കി ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം

ഇടുക്കി: ജില്ലാ കളക്ടറിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കീഴുദ്യോഗസ്ഥൻ ചമച്ചുകൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ പോലും മുതിരാതെ തികച്ചും യാന്ത്രികമായി കമ്മീഷനിലേക്ക് അയക്കുന്ന പ്രവണത അപലപനീയമാണെന്ന് കമ്മീഷൻ.

വാഗമൺ ചോറ്റു പാറ കരയിലുള്ള കൃഷിഭൂമിക്ക് പട്ടയം.ലഭിക്കാൻ വർഷങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങുന്ന കർഷകൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി കളക്ടറുടെ നടപടി വിമർശിച്ചത്. ഇക്കാര്യത്തിൽ പീരുമേട് സ്പഷ്യൽ തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു.

ഈ റിപ്പോർട്ടിൽ പരാതിക്കാരനായ എം. ജ്ഞാനദാസ് പട്ടയത്തിനുള്ള അപേക്ഷ നൽകിയത് കഴിഞ്ഞ വർഷം മാർച്ച് 29നാണെന്ന് പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് താൻ അപേക്ഷ സമർപ്പിച്ചതാണെന്ന് കമ്മീഷനെ അറിയിച്ച പരാതിക്കാരൻ അതിന്റെ തെളിവ് കമ്മീഷനിൽ ഹാജരാക്കി . ഈ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട് സംശയാസ്പദമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചത്.

പരാതിക്കാരൻ 2023ന് മുമ്പ് എന്തെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു അപേക്ഷ കണ്ടെത്തിയാൽ റിക്കാർഡ് ഇല്ലെന്ന് ജില്ലാ കളക്ടർക്ക് വേണ്ടി കമ്മീഷനെ അറിയിച്ച പീരുമേട് സ്പഷ്യൽ തഹസിൽദാർക്കെതിരെ മതിയായ അച്ചടക്ക നടപടി സ്വീകരിച്ച് വിവരം കമ്മീഷനെ അറിയിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *