മൂലമറ്റം: നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി യു.കുര്യാക്കോസ്.ഐ.പി.എസ്. ‘ കാഞ്ഞാർ ജനമൈത്രി പോലീസിൻ്റെയും ലഹരിവിരുദ്ധ ക്യാമ്പയിൻ്റെയും നേതൃത്വത്തിൽ മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ചു മാസമായി നടന്ന ട്രൈനിംഗ് പ്രോഗ്രാമിൽ നിന്ന് സെലക്ഷൻ കിട്ടിയ 42 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്നും അതു കൊണ്ട് ട്രൈനിംഗും നടത്തവും എക്ര സൈസും മുടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്കൽ ടെസ്റ്റിൽ 45 കുട്ടികളിൽ നിന്നും 42 പേർ തെരഞ്ഞെടുക്കപ്പെട്ടു.
ഇതിൽ 37 പേർ പോലീസിലും ‘2 പേർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായും ഒരാൾ ഫയർഫോഴ്സിലും മറ്റ് രണ്ട് പേർ ആർമിയിലും ഫയർ വുമണായുമാണ് തെരഞ്ഞെടുത്തത്. ഇവർക്ക് മെഡിക്കലിനു ശേഷം ജോലി ലഭിക്കും. കാഞ്ഞാർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ഐ ജിബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചു മാസക്കാലം സൗജന്യമായി ട്രൈനിംഗ് നടത്തിയ ഇടുക്കി ജില്ലാ ഹെഡ് കോട്ടറിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബെന്നി കെ.മാമ്മനെ ജില്ലാ പോലീസ് മേധാവി പൊന്നാടയണിയിച്ച് ആദരിച്ചു.
കുട്ടികളുടെ വകയായി ഉപഹാരവും നൽകി. തൊടുപുഴ ഡി.വൈ.എസ്.പി.എം.ആർ മധു ബാബു, സെൻ്റ് ജോസഫ്സ് കോളേജ് മാനേജർ ഫാ.തോമസ്, എസ്.ഐ.കെ.പി.ഇസ്മായിൽ, ജോതി എൻ.ജി നദേവൻ, കെ.പി.വിഷ്ണു, അഖിൽ ഗോപാൽ, ജനമൈത്രി ബീറ്റ് ഓഫീസർ റ്റോ ബിജോൺസൺ തുടങ്ങിയവർ സംസാരിച്ചു.