തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഉദ്‌ഘാടനംചെയ്യുന്നത്. കാരാപ്പുഴ മെഗാ ടൂറിസ്‌റ്റ് ഗാർഡനിലാണ് സമാപനപരിപാടി.
‘ബോധപൂർണ്ണിമ’ പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്’ നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും നടക്കും. എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ പരിപാടിയോടു കൂടിയാണ് ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു മുതൽ ആറുവരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ലഹരിയില്ലാ തെരുവ്’ പരിപാടികളിലെ മുഖ്യ ഇനമായാണ് സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്’ നാടകാവതരണം അരങ്ങേറുക. വയനാട് ജില്ലയിലെ കോളേജുകളിലെ എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ പങ്കാളിത്തം സമാപനപരിപാടിയിൽ ഉണ്ടാകും.