Timely news thodupuzha

logo

നീറ്റ് ഫലം പരീക്ഷ റദ്ദാക്കി, പുനർമൂല്യനിർണയം നടത്തണമെന്ന് എഡ്യൂപോര്‍ട്ട്

കോഴിക്കോട്: നീറ്റ് പരീക്ഷ ഫലത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് എഡ്യൂപോര്‍ട്ട് ആവശ്യപ്പെട്ടു.

നിലവിലെ ഫലം റദ്ദാക്കി പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെക്കൊണ്ട് പരാതികള്‍ അയക്കാനുള്ള ക്യാംപയിന് എഡ്യൂപോര്‍ട്ട് തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കാനുള്ള അവസരമാണ് ഓണ്‍ലൈന്‍ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.

നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി(എന്‍.ടി.എ) ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും എഡ്യൂപോര്‍ട്ട് ഡയറക്ടര്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ എന്‍ടിഎ നല്‍കിയ വിശദീകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ തൃപ്തരല്ല. ഇത്തവണ നീറ്റ് ഫലം പുറത്തു വന്നപ്പോള്‍ 67 കുട്ടികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും, ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും, ആദ്യ റാങ്കുകാരായ വിദ്യാര്‍ത്ഥികള്‍ ഒരേ സ്ഥാപനത്തില്‍ നിന്നുള്ളവരാണ് എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.

ഫലം പ്രസിദ്ധീകരിച്ച് വിവാദമായപ്പോള്‍ മാത്രമാണ് എന്‍.ടി.എ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പുറത്തു പറഞ്ഞതെന്നും അജാസ് പറയുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ ഫലത്തിലൂടെ അനശ്ചിതത്വത്തിലാകുന്ന സാഹചര്യമാണ്.

അതിനാല്‍ തന്നെ നീറ്റ് പോലുള്ള മത്സര പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് ആശങ്ക കൂടാതെ പരീക്ഷ എഴുതാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അജാസ് പറഞ്ഞു.

https://www.change.org/p/halt-the-injustice-demand-a-thorough-investigation-into-the-neet-exam-scam എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കാനുള്ള അവസരം ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *