Timely news thodupuzha

logo

തിരുവാതുക്കൽ പ്രമുഖ വ്യവസായികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോട്ടയം: തിരുവാതുക്കലിൽ ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടുന്നത്.

രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. മാളയിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് ജാർഖണ്ഡ് സ്വദേശികളായ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

പത്തിലധികം മൊബൈൽ ഫോണുകളും സിം കാർഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. കൂടാതെ, കൊല്ലപ്പെട്ട വിജയകുമാറിൻറേയും മീരയുടേയും മൊബൈൽ ഫോണുകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഇതിൽ ഒന്ന് സ്വിച്ച് ഓൺ ആയിരുന്നു. ഈ ഫോണിൻറെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിൻറേതെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. വീടിൻറെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിൻറെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.

മരണകാരണം തലയ്‌ക്കേറ്റ ആഘാതമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പലതവണകളായി വിജയകുമാറിൻറെ വീടിന് പരിസരം വീക്ഷിച്ചിരുന്നതായുമാണ് പൊലീസിൻറെ കണ്ടെത്തൽ. തിങ്കളാഴ്ച രാവിലെ ലോഡ്ജ് വിട്ട അമിത് വൈകീട്ടോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറുകയും തുടർന്ന് അന്ന് രാത്രി കൊലപാതകം നടത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *