ന്യൂഡൽഹി: കാശ്മീരിലെ ബാരാമുള്ളയിൽ 2 ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ള അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 2 ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായും സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പട്ടവരിൽ ഉള്ളത്. ഇതിൽ രണ്ട് വിദേശികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
26 പേരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിൽ 17 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 4 പേരുടെ പരുക്ക് സാരമുള്ളതാണ്. ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഒരാൾ എറണാകുളം ഇടപ്പള്ളി സ്വദേശി (എൻ. രാമചന്ദ്രൻ 68) ആയിരുന്നു. തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. ഇദ്ദേഹത്തിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ബുധനാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മൃതദേഹം വൈകിട്ട് 7:30ന് നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ഉടനെ നടത്തും. ആറംഗ സംഘമാണ് ഭീകരാക്രമണം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചത്. പഹൽഗാം, ബൈസരൺ, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന വ്യാപക തെച്ചിൽ നടത്തി വരികയാണ്.
സൗദി അറേബ്യയിലെ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് മടങ്ങിയെത്തിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബുധനാഴ്ച പഹൽഗാമിലെത്തും.
ഭീകരാക്രമണത്തിൻറെ സാഹചര്യത്തിൽ ഡൽഹിയിലും ഉത്തർപ്രദേശിലും ഉൾപ്പടെ രാജ്യമാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പടെ സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.