
കോതമംഗലം: അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് ആൻ്റ് റീഡിംഗ് റൂം കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റീവ് ഉപകരണങ്ങൾ വാങ്ങുവാൻ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി മാലിക് ദീനാർ പബ്ലിക് സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച അഖില കേരള സെവൺസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇരു ടീമുകളേയും സംയുക്ത വിജയികളായി പ്രഖ്യാപിച്ചു.
ഏപ്രിൽ ആറിന് ആരംഭിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരുപതാം തീയതി ഫൈനൽ മത്സരദിവസം ഗ്യാലറി തകർന്ന് ഉണ്ടായ അപകടത്തെ തുടർന്ന് മത്സരം മാറ്റി വയ്ക്കുകയായിരുന്നു. കാലാവസ്ഥ വ്യതിയാനവും മത്സരം സംഘടിപ്പിക്കുന്നതിലെ പ്രായോഗീക ബുദ്ധിമുട്ടുകളും ടൂർണ്ണമെൻ്റ് കമ്മറ്റി ചൂണ്ടികാണിച്ചപ്പോൾ ഇരു ടീമുകളുടേയും മാനേജർ മാരുടേയും നിർദ്ദേശാനുസരണം സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൻ്റെ നാനാഭാഗത്ത് നിന്നും വിദേശ താരങ്ങളെ ഉൾപ്പെടുത്തി പതിനാറ് ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണ്ണമെൻ്റിൽ യംഗ് സ്റ്റേഴ്സ് മൈലൂർ, ഗോൾഡൻ നൈറ്റ്സ് ചെറുവട്ടൂർ തുടങ്ങിയ ടീമുകളാണ് വിജയികളായത്.
അടിവാട് ഹീറോ യംഗ്സ് നഗറിൽ വച്ച് നടന്ന സമ്മാന വിതരണ ചടങ്ങിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ എം ഷെമീർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, ക്ലബ്ബ് സെക്രട്ടറി എം പി ഷെമീർ, ട്രഷറാർ പി ആർ വിഷ്ണു, ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ കെ എം അമീർ, കൺവീനർ കെ പി മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. ബമ്പർ സമ്മാനമായ ഇലക്ട്രിക് സ്കൂട്ടറിന് വേണ്ടിയുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ എ കെ തുഷാദ് സമ്മാനാർഹനായി.
ഗ്യാലറി അപകടത്തിൽ പരിക്ക് പറ്റിയവരുടെ നാളിത് വരെയുള്ള മുഴുവൻ ചിലവും ക്ലബ്ബ് വഹിച്ചുവരികയാണ്. തുടർ ചികിത്സ വേണ്ടി വരുന്നവരുടെ ചിലവും പൂർണ്ണമായും ക്ലബ്ബ് ഏറ്റെടുക്കുമെന്നും കൂടാതെ ഫൈനൽ ദിവസം സമ്മാന കൂപ്പൺ എടുത്ത് മത്സരം കാണുവാൻ എത്തിച്ചേർന്നവരുടെ കൂപ്പണിൻ്റെ തുകയും തിരിച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.