ന്യൂഡൽഹി: ആറ് കീർത്തിചക്രയും 15 ശൗര്യചക്രയുമുൾപ്പെടെ 412 സേനാ അവാർഡിന് രാഷ്ട്രപതിയുടെ അംഗീകാരം. കീർത്തിചക്ര പുരസ്‌കാരത്തിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്. ജമ്മു കശ്‌മീർ പൊലീസിൽ കോൺസ്റ്റബിളായിരുന്ന രോഹിത് കുമാർ, എസ്‌ഐ ആയിരുന്ന ദീപക് ഭരദ്വാജ്, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന സോധി നാരായൺ, ശ്രാവൺ കാശ്യപ് എന്നിവർക്കാണ് മരണാനന്തര ബഹുമതി. രാഷ്ട്രീയ റൈഫിൾസിലെ മേജർ ശുഭാങ്, രാഷ്ട്രീയ റൈഫിൾസിലെ നായിക് ജിതേന്ദ്ര സിങ് എന്നിവരും ധീരതയ്‌ക്കുള്ള കീർത്തിചക്രയ്‌ക്ക് അർഹരായി.
പാരച്യൂട്ട് റെജിമെന്റിലെ ക്യാപ്‌റ്റൻ രാകേഷ് ടി ആറിനും രാഷ്ട്രീയ റൈഫിൾസ് കുമയൂൺ റെജിമെന്റിലെ ക്യാപ്‌റ്റൻ അരുൺകുമാറിനും ശൗര്യചക്ര ലഭിച്ചു. രാഷ്ട്രീയ റൈഫിൾസ് ആർട്ടിലറി റെജിമെന്റിലെ മേജർ കൃഷ്‌ണ നായർക്ക് ധീരതയ്‌ക്കുള്ള സേനാ മെഡൽ ലഭിച്ചു. പരംവിശിഷ്ട് സേവാ മെഡലിന് ലെഫ്. ജനറൽ പ്രദീപ് ചന്ദ്രൻനായർ, എയർ മാർഷൽ കെ അനന്തരാമൻ എന്നിവർ അർഹരായി. ബാർ ടു അതിവിശിഷ്ട സേവാമെഡൽ മേജർ ജനറൽ കെ നാരായണന് ലഭിച്ചു. അതിവിശിഷ്ട സേവാമെഡലിന് ലെഫ്. ജനറൽ പി എൻ അനന്തനാരായണൻ, ലെഫ്. ജനറൽ വി ശ്രീഹരി (നേരത്തേ ശൗര്യചക്ര ലഭിച്ചു), റിയർ അഡ്‌മിറൽ കെ പി അരവിന്ദൻ എന്നിവർ അർഹരായി.