ന്യൂഡൽഹി: ഒആർഎസ് ലായനിയുടെ പിതാവ് ദിലീപ് മഹലബിസ്, സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ്, തബല മാന്ത്രികൻ സക്കീർ ഹുസൈൻ എന്നിവരുൾപ്പെടെ ആറു പേർക്ക് പദ്മവിഭൂഷൺ. പിന്നണിഗായിക വാണി ജയറാം ഉൾപ്പെടെ ഒമ്പതു പേർക്ക് പദ്മഭൂഷൺ. നാലു മലയാളികൾ ഉൾപ്പെടെ 91 പേർക്കാണു പദ്മശ്രീ. ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, അപൂർവ വിത്തുകളുടെ സംരക്ഷകനും വയനാടൻ കർഷകനുമായ ചെറുവയൽ രാമൻ, ചരിത്രകാരൻ സി.ഐ. ഐസക്ക്, കളരിപ്പയറ്റ് വിദഗ്ധൻ എസ്.ആർ.ഡി. പ്രസാദ് എന്നിവരാണു പദ്മശ്രീ പട്ടികയിലെ മലയാളി സാന്നിധ്യം.
മുൻ കേന്ദ്ര മന്ത്രി എസ്.എം. കൃഷ്ണ, ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ വർധൻ, വാസ്തുശിൽപ്പി ബാലകൃഷ്ണ ദോഷി എന്നിവരാണു പദ്മവിഭൂഷൺ സമ്മാനിക്കപ്പെടുന്ന മറ്റുള്ളവർ. മുലായം, മഹലനബിസ്, ബാലകൃഷ്ണ ദോഷി എന്നിവർക്കു മരണാനന്തരമാണു പുരസ്കാരം.