Timely news thodupuzha

logo

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക്

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘമാണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിന് ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കിയത്.

മറ്റ് പല സ്വകാര്യ സ്കൂളുകളിലും പത്തിൽ താഴെ അംഗങ്ങളുള്ള ട്രൂപ്പുകൾ ഉണ്ടെങ്കിലും ഒരു സർക്കാർ സ്കൂളിൻ്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം കുട്ടികളെ ഉൾപ്പെടുത്തി ഒരു ട്രൂപ്പുണ്ടാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 2023 ഏപ്രിൽ 14ന് ഇവർക്കായുള്ള ക്ലാസുകൾ ഗുരുക്കന്മാരായ ദിജേഷ് പി.ഡി, പ്രകാശൻ പി.ജെ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളിൽ നിന്നും റെഗുലർ ക്ലാസുകളിലേക്ക് മാറിയിട്ടും കുട്ടികളുടെ ഇടയിൽ നിലനിന്നിരുന്ന മൊബൈൽ ഫോൺ ഉപയോഗം കുറച്ച് മറ്റ് വിനോദങ്ങളിലേക്കും, വിജ്ഞാനത്തിലേക്കും കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് മധ്യവേനൽ അവധികാലത്ത് കുട്ടികളുടെ ഇടയിൽ നിന്ന് ഒരു ചെണ്ടമേള ട്രൂപ്പിനെ ഉണ്ടാക്കാൻ ശ്രമമാരംഭിക്കാൻ കാരണമായതെന്ന് പി.ടി.എ പ്രസിഡൻ്റ് ജയൻ എ.ജെ പറഞ്ഞു.

ഇതിനായി കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും മുൻകൈ എടുത്ത് പതിനെട്ടോളം ചെണ്ടകൾ വാങ്ങി. കൂടാതെ യോഗ, ഫുട്ബോൾ കോച്ചിംഗ്,ബാൻ്റ് മേളം, മാർഷ്യൽ ആർട്സ് എന്നിവയിലും സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നല്കിയിരുന്നു.

അരങ്ങേറ്റത്തിന് ശേഷം അവധി ദിവസങ്ങളിൽ പൊതുപരിപാടികളിൽ കുട്ടികളുടെ ചെണ്ടമേളത്തിന് താല്പര്യമുള്ളവർക്ക് ബുക്ക് ചെയ്യാം പ്രോഗ്രാം കോർഡിനേറ്റർ രവികുമാർ കെ.വി ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജൂബി ജോൺസൺ പി.ടി.എ പ്രസിഡൻ്റ് ജയൻ എ.ജെ പതിനഞ്ചോളം വരുന്ന പി.ടി.എ അംഗങ്ങൾ എന്നിവരുടെ നിരന്തര ശ്രദ്ധയും പരിശ്രമവുമാണ് കലാ ദീപമെന്ന പേരിൽ കുട്ടികളുടെ ചെണ്ടമേള ട്രൂപ്പ് യാഥാർത്ഥ്യമാകാൻ കാരണമായത്.

അരങ്ങേറ്റ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് നിർവ്വഹിക്കും. ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക, അധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *