മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറൻറിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കോട്ടയ്ക്കലിലെ സാൻഗോസ് റെസ്റ്റോറൻറിനെതിരെ വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷൻറെ നടപടി.
ഭാര്യയും അഞ്ച് വയസുള്ള മകളുമൊത്ത് പരാതിക്കാരൻ ഭക്ഷണം കഴിക്കാൻ റെസ്റ്റോറൻറിലെത്തിപ്പോൾ വിളമ്പിയ കോഴിയിറച്ചി മകൾക്കായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്.
ഉടനെ തന്നെ ഹോട്ടൽ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നൽകി. മുനിസിപ്പൽ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ശേഷം പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
എന്നാൽ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ റസ്റ്റോറൻറ് ഉടമ മറുപടി ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മീഷൻ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാണ് റെസ്റ്റോറൻറ് ഉടമയ്‌ക്കെതിരെ പിഴ വിധിച്ചത്.
അഴുകിയ ഭക്ഷണം വിതരണം ചെയ്യാനിടയായ സാഹചര്യം ഗുരുതരമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ മറ്റു നടപടികൾ ആവശ്യമാണെന്നും 50,000 രൂപ പിഴയും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകാൻ വിധിച്ച് കൊണ്ടുള്ള ഉത്തരവിൽ കമ്മീഷൻ പറഞ്ഞു.
ഒരു മാസത്തിനകം പിഴ അടക്കാതിരുന്നാൽ പരാതി തീയതി മുതൽ 12% പലിശയും നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡൻറും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു.