കൊച്ചി: അഡ്യക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിലാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ചത്. പത്തനംത്തിട്ട സ്വദേശി ബാബുവിൻറെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻറെയാണ് അസാധാരണ നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തൻറെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി.
പ്രതികൾക്കായി ഹാജരായത് അഡ്യക്കേറ്റ് സൈബി ജോസാണെന്നും നോട്ടീസ് ലഭിക്കാത്തതിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു കോടതിയെ സമീപിച്ചത്. കേസ് ജഡ്ജി പുനപരിശോധിച്ചപ്പോൾ ഇരയുടെ ഭാഗത്താണ് ശരിയെന്ന് ബോധ്യമാവുകയും മുൻ ഉത്തരവ് തിരിച്ച് വിളിക്കുകയായിരുന്നു.