തൊടുപുഴ: ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെങ്കിൽ കീശകാലിയാക്കേണ്ടി വരും. മത്തി ഉൾപ്പെടെ ഉള്ള മീനുകളുടെ വില കുതിച്ച് ഉയരുകയാണ്. ഒരു കിലോ മത്തിക്ക് 240 രൂപ വരെ വില എത്തി. മത്തി അല്ലെങ്കിൽ “ചാള” മലയാളിക്ക് ഇഷ്ടം കുറച്ച് കൂടിയ, സുപരിചിത മത്സ്യമാണ്. എന്നാൽ, മത്തി വിലയിലെ സമീപകാല കുതിപ്പ് തീൻമേശകളിൽ നിഴൽ വീഴ്ത്തുന്നു. ഈ വിലക്കയറ്റത്തിന് ഒന്നിലേറെ കാരണങ്ങളുണ്ട്. ട്രോളിംഗ് നിരോധനമാണ് ആദ്യത്തെ കാരണം. വലിയ ബോട്ടുകളുടെ മത്സ്യബന്ധനം ഇല്ലാതായതോടെ ചെറിയ ബോട്ടുകളും വഞ്ചികളും കൂടുതൽ വരവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കടലിലെ താപമാറ്റവും മഴയുടെ ആഭാവവും മത്സ്യങ്ങളുടെ പ്രജനന ചക്രത്തെയും മൊത്തത്തിലുള്ള ലഭ്യതയെയും ബാധിച്ചതോടെ ഇതു തിരിച്ചടിയായി. കിട്ടുന്ന മത്സ്യത്തിനു പൊളളുന്ന വില കൂടിയായപ്പോൾ ആളുകൾ വാങ്ങാനും മടിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക തകർച്ചയും ഉൾപ്പെടുന്ന വലിയ ചിത്രമാണ് ഈ മാറ്റങ്ങൾക്കു പിന്നിലെ മൂലകാരണം. ഉയരുന്ന കടൽപരപ്പിലെ താപനില മത്സ്യങ്ങളെ ആഴത്തിലേക്ക് തള്ളിവിടുന്നു. ഇത് പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് തിരിച്ചടിയാണ്. കൂടാതെ, വർദ്ധിച്ചുവരുന്ന അമിത മത്സ്യബന്ധനം വർഷങ്ങളായുളള മത്സ്യസമ്പത്തു ഗണ്യമായി കുറച്ചു. ഇവയെല്ലാം മീൻപിടുത്തത്തിൽ ഗണ്യമായ കുറവുണ്ടാക്കി, മത്സ്യവില വർദ്ധനവിലേക്കു നയിച്ചു. ഇനിയും വില കൂടാനാണ് സാധ്യത.