വയനാട്: ഉരുള്‍ വിഴുങ്ങിയ മുണ്ടക്കൈയിലും ചൂരല്‍മലയിലും കോണ്‍ക്രീറ്റും പാറകളും മരങ്ങളും ചെളിയുമെല്ലാം കൂടിക്കലര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ ഓടിനടക്കുകയാണ് ജാക്കിയും ഡിക്‌സിയും സാറയും. എവിടെങ്കിലും ഒരു മനുഷ്യസാന്നിധ്യം സംശയിച്ചാല്‍ അവിടെ നില്‍ക്കും.
പിന്നെ പരിശീലകന്റെ ശ്രദ്ധ അവിടേക്ക് ആകര്‍ഷിക്കും. രസേനയുടെ ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് ഇവ. വിദഗ്ധ പരിശീലനം ലഭിച്ച നായകള്‍ക്ക് പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയല്ല.
ഉത്തര്‍പ്രദേശില്‍ മീററ്റ് കന്റോണ്‍മെന്റിലുള്ള ആര്‍വിസി സെന്റര്‍ ആന്‍ഡ് കോളെജിലെ നായ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇവയെ എത്തിച്ചത്. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട് ഇവയ്ക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 12 അടിവരെ ആഴത്തിലുള്ള മനുഷ്യസാന്നിധ്യം തിരിച്ചറിയാന്‍ ഈ നായകള്‍ക്കു കഴിയും.
മനുഷ്യന്റെ മണം ലഭിച്ചാല്‍ ഉടന്‍ പരിശീലകര്‍ക്ക് ഇതേക്കുറിച്ചു സൂചന നല്‍കും. തുടര്‍ന്ന് ഇവിടെ കുഴിച്ചു പരിശോധിക്കുകയാണു ചെയ്യുന്നതെന്നു പ്രതിരോധ വകുപ്പ് പിആര്‍ഒ. 12 ആഴ്ച അടിസ്ഥാന പരിശീലനവും തുടര്‍ന്നുള്ള 24 ആഴ്ച വിദഗ്ധ പരിശീലനവുമാണ് നായകള്‍ക്കു നല്‍കുന്നത്.