Timely news thodupuzha

logo

3 കോടിയുടെ ധനസഹായം നല്‍കുമെന്ന് മോഹന്‍ലാല്‍; വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും ഏറ്റെടുത്തു

വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനന്റ് കേണല്‍ നടന്‍ മോഹന്‍ലാല്‍. നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.

വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രതയെന്നും ദുരന്ത ഭൂമി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍.

കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നത്. ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണ്.

ഈശ്വരന്റെ സഹായം കൂടെയുണ്ട് ഇത് യാഥാര്‍ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്ന് മാഹന്‍ലാല്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *