മറയൂർ: കാന്തല്ലൂർ മലനിരകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക്. കർഷകന് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതൽ 400 രൂപ വരെ വില ലഭിച്ചു. വലുപ്പം കൂടിയ വെളുത്തുള്ളിക്കാണ് കൂടുതൽ വില.
ഇന്ത്യയിലെ ഏറ്റവുംവലിയ വെളുത്തുള്ളി വിപണിയായ തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടിയിലാണ് കാന്തല്ലൂർ കർഷകർ വെളുത്തുള്ളി വിൽക്കുന്നത്.
ഗുണമേന്മയുള്ള കാന്തല്ലൂർ, വട്ടവട മലപ്പൂണ്ടിന് ഭൗമസൂചിക പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ ഈ വെളുത്തുള്ളി എത്താറില്ല. സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പും സംഭരിക്കാറില്ല.
എന്നാൽ തമിഴ്നാട്ടിലെ വടുകുപ്പെട്ടി, മേട്ടുപാളയം വിപണികളിൽ കർഷകന് നല്ലവിലയും ഉടനടിപണവും ലഭിക്കുന്നു. അതിനാൽ, കാന്തല്ലൂരിലെ ഭൂരിപക്ഷം കർഷകരും വെളുത്തുള്ളി കൃഷിചെയ്യുന്നു.