കാളിക്കാവ്: മലപ്പുറം കാളികാവിൽ റബർ ടാപ്പിങ്ങിനുപോയ ആളെ കടുവ കടിച്ചുകൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെ റബർ ടാപ്പിങ്ങിന് പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. കടുവ വലിച്ചിഴച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്നയാൾ പറഞ്ഞു.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേക്ക് വാഹനം എത്താത്തതിനാൽ കാൽനടയായാണ് പൊലീസും നാട്ടുകാരും പ്രദേശത്തേക്ക് എത്തിയത്. പ്രദേശത്ത് ഡി.വൈ.എസ്.പിയും ഡി.എഫ്.ഒയും അടക്കം എത്തിയിട്ടുണ്ട്.
അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറകൾ സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.