ന്യൂഡൽഹി: ഓപ്പേറേഷൻ സിന്ദൂരിൽ മുഖ്യ പങ്കുവഹിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരേ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.
മന്ത്രിയുടെ പരാമർശത്തിനെതിരേ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജി. മന്ത്രിയുടെ വാക്കുകൾ മത സ്പർധ വളർത്തുന്നതാണെന്നും സമൂഹത്തിൽ വിഭജനത്തിനിടയാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനു പിന്നാലെ മന്ത്രിക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
പിന്നാലെയാണ് മന്ത്രി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ, ചൊവ്വാഴ്ച മോവിൽ നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്.
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ ബന്ധപ്പെടുത്തി സോഫിയ ഖുറേഷിയെ പരോക്ഷമായി സൂച്ചിപ്പിക്കുന്ന തരത്തിലായിരുന്നു പ്രസ്താവന. ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. തീവ്രവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി.
എന്നാൽ പ്രധാനമന്ത്രി അവരുടെ തന്നെ സഹോദരിയെ പ്രതികാരം ചെയ്യാൻ തിരിച്ചയച്ചു എന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ ഉഷ താക്കൂർ, ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസിനു മുന്നിലായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.
മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിജയ് ഷായെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ‍്യപ്പെട്ടു.