Timely news thodupuzha

logo

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് സ്വർണമെഡൽ നേടിയ ബൈജു ലൂക്കോസിന് ജന്മനാട് ആദരിച്ചു

മലങ്കര: റായിപൂരിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് സ്വർണമെഡൽ നേടിയ ബൈജു ലൂക്കോസിന് ജന്മനാടിന്റെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി.

തൊടുപുഴ മ്രാല സ്വദേശിയാണ് ബൈജു ലൂക്കോസ്. സീനിയർ പുരുഷ വിഭാഗം, മാസ്റ്റേഴ്സ് പുരുഷ വിഭാഗങ്ങളിലാണ് ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.

വിവിധ വിഭാഗങ്ങളിലായി 18 തവണ നാഷണൽ ചാമ്പ്യനാണ്. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് നാല് തവണ പങ്കെടുക്കുകയും രണ്ട് തവണ ഏഷ്യൻ ചാമ്പ്യനാവുകയും ചെയ്തിട്ടുണ്ട്. സ്പെയിനിൽ വെച്ച് നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

എന്നാൽ, ഓട്ടോറിക്ഷ ഡ്രൈവറായ ബൈജുവിന് അവിടേക്ക് എത്താൻ കഴിയുമൊ എന്ന കാര്യത്തിൽ പ്രതീക്ഷയില്ല. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവെന്ന് ബൈജു പറഞ്ഞു. സ്പോൺസർമാർ സഹായിച്ചാൽ സ്പെയിനിലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഠിന പരിശീലനത്തിലാണ് ബൈജു.

മുൻ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോൾ ബോൾ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമായ പി.കെ രാജേന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം ജോമോൻ മുടക്കോടിയിൽ, മുഹമ്മദാലി കെ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി എബ്രഹാം എ.സി എന്നിവർ ചേർന്ന് ബൈജുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *