പെഷവാർ: പാക്കിസ്ഥാനിൽ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 89 ആയി ഉയർന്നു. 150ലേറെ പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.40ന് പ്രാർഥനയ്ക്കിടെയായിരുന്നു താലിബാൻ ചാവേർ പൊട്ടിത്തെറിച്ചത്. 400ലേറെ പേർ ഈ സമയം പള്ളിയിലുണ്ടായിരുന്നു. പൊലീസ് ലൈനിലുള്ള പള്ളിയിൽ പൊലീസ്, സേന, ബോംബ് നിർവീര്യമാക്കൽ സേന തുടങ്ങി വിവിധ രക്ഷാസേനാംഗങ്ങളായിരുന്നു പ്രാർഥനയ്ക്കെത്തിയവരിൽ ബഹുഭൂരിപക്ഷവും. ഏറ്റവും മുൻനിരയിലുണ്ടായിരുന്ന തെഹ്രീക് ഇ താലിബാൻ (ടിടിപി) ചാവേറാണു പൊട്ടിത്തെറിച്ചത്.
പള്ളിയുടെ ഒരുഭാഗവും സ്ഫോടനത്തിൽ തകർന്നു. പരുക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ പാക്കിസ്ഥാൻ വലയുന്നതിനിടെയാണു രാജ്യത്തെ നടുക്കി ഭീകരാക്രമണം. ആക്രമണത്തിൻറെ ഉത്തരവാദിത്വം പാക് താലിബാൻ എന്ന് അറിയപ്പെടുന്ന ടിടിപി ഏറ്റെടുത്തു. ടിടിപി കമാൻഡറായിരുന്ന ഉമർ ഖാലിദ് ഖുറാസാനിയെ വധിച്ചതിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഇയാളുടെ സഹോദരൻ അവകാശപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലാണു ഖുറാസാനി കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ഷഹബാസ് ഷെരീഫ് പെഷവാറിലെ ലേഡി റീഡിങ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.
ആഭ്യന്തര മന്ത്രി റാണ സനാവുള്ളയ്ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. 2007ൽ അൽ ക്വയ്ദയുടെ പിന്തുണയോടെ വിവിധ ഭീകരസംഘടനകൾ ചേർന്നു രൂപംകൊടുത്ത ടിടിപി 2009ൽ പാക് സൈനിക ആസ്ഥാനത്തിനു നേരേ ആക്രമണം നടത്തിയിരുന്നു. 2008ൽ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിലുണ്ടായ ബോംബാക്രമണത്തിനു പിന്നിലും ടിടിപിയായിരുന്നു. 2014ൽ പെഷവാറിലെ സൈനിക സ്കൂൾ ആക്രമിച്ച് 131 പിഞ്ചു കുട്ടികളടക്കം 150 പേരെ കൊലപ്പെടുത്തിയ പാക് താലിബാൻറെ ക്രൂരത ലോക മനഃസാക്ഷിയെ നടുക്കിയിരുന്നു.