തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്റ്റർമാരും ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവർത്തനങ്ങളും ശക്തമാക്കും. പോരായ്മകൾ കണ്ടെത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഫെബ്രുവരി ഒന്നു മുതൽ ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.