കൊടുവേലി: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് കൊടുവേലി സാന്‍ജോ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രസ് ഫോട്ടോഗ്രാഫര്‍മാരോടൊപ്പം ഒരു ദിനം എന്ന പരിപാടി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
ചടങ്ങില്‍ തൊടുപുഴയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ഫോട്ടോഗ്രാഫി അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ഒരു ഫോട്ടോ എടുക്കുന്നതിന്റെ പിന്നിലെ സാഹസികതയും അധ്വാനവും ഫോട്ടോഗ്രാഫര്‍മാര്‍ വിവരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ സാകൂതം കേട്ടിരുന്നു.
ഫോട്ടോഗ്രാഫര്‍മാരാകാന്‍ ആഗ്രഹിക്കുന്ന കുട്ടികളുമായി ഫോട്ടോഗ്രാഫര്‍മാര്‍ സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തത് കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആവേശമായി.
ചടങ്ങിനോടനുബന്ധിച്ച് വിവിധയിനം കാമറകളുടെ പ്രദര്‍ശനവും നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍സണ്‍ പാലപ്പിള്ളി സി.എം.ഐ ഫോട്ടോഗ്രാഫര്‍മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ തലച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ.ബിഖില്‍ അരഞ്ഞാണിയില്‍ സി.എം.ഐ, അധ്യാപക പ്രതിനിധി ജയസമ്മ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഫോട്ടോഗ്രഫര്‍മാരായ റെജു അര്‍നോള്‍ഡ് ഡിക്രൂസ്(മലയാള മനോരമ), അഖില്‍ പുരുഷോത്തമന്‍(ദീപിക), അജേഷ് ഇടവെട്ടി(മാതൃഭൂമി), ടെന്‍സിംഗ് പോള്‍(മാധ്യമം) ബാബു സൂര്യ(കേരള കൗമുദി), ഷിയാസ് ബഷീര്‍(ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്), എയ്ഞ്ചല്‍ എം ബേബി (മംഗളം), നിഖില്‍ ജോസ്(വീക്ഷണം), അരുണ്‍രാജ് പിള്ള(ജന്മഭൂമി) എന്നിവര്‍ പങ്കെടുത്തു.