Timely news thodupuzha

logo

തമിഴ്‌നാട്ടിൽ ഇനി മുതൽ വനിത പൊലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധിയെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: വനിതാ പൊലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി പ്രഖ്യാപിച്ച്‌ തമിഴ്‌നാട്‌ സർക്കാർ. നേരത്തെ ഒമ്പത് മാസമായിരുന്നു പ്രസവാവധി. അവധിക്കുശേഷം ജോലി പുനരാരംഭിച്ചാൽ കുട്ടികളെ വളർത്തുന്നതിനായി മൂന്ന് വർഷത്തേക്ക് അവരെ ഇഷ്ടമുള്ള സ്ഥലത്ത് നിയമിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

2021ൽ ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തിയിരുന്നു. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പൊലീസിന്റെ പ്രൊഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാഷ്ട്രപതിയുടെ മെഡലുകളും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകളും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലുകളും രാജരത്നം സ്റ്റേഡിയത്തിൽ വച്ച്‌ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *