ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാല സൗഹൃദ പദ്ധതികളുടെ ഭാഗമായി കളിക്കൂട്ടം 2023 ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൈകോർക്കാം ബാല സൗഹൃദ പഞ്ചായത്തിനായെന്ന സന്ദേശമുയർത്തി ക്യാമ്പ് സംഘടിപ്പിച്ചത്. 16 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 നും 14 വയസിനും ഇടയിൽ പ്രായമുള്ള 72 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് ഉത്ഘാടനം ചെയ്തു.
ലൈഫ് സ്കിൽ ട്രെയിനർ ബിൻസൺ മുട്ടത്ത്കുടി, സൈക്കോ സോഷ്യൽ കൗൺസിലർ നൈസി ജോസഫ് , ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്ജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തുടർന്ന് ക്വിസ് മത്സരവും, വിവിധ മത്സരങ്ങളും വിജയികളായവർക്ക് സമ്മാനദാനവും നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതവും CPC മെമ്പർ രഞ്‌ജുഷ എ.എൻ നന്ദിയും പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്തമ്മ ജോയി, സുലൈഷ സലിം, വിവിധ വാർഡ് മെമ്പർ മാർ , CDS ചെയർ പേഴ്സൺ ഷീബ ഭാസ്ക്കരൻ , സെക്രട്ടറി ജോൺ ജി ഗ്രീക്ക് , അസി.സെക്രട്ടറി ജോൺസൺ എം.ജെ തുടങ്ങിയവർ സംസാരിച്ചു.