ആദായ നികുതി നൽകുന്ന ഇടത്തരക്കാരെ തൃപ്തിപ്പെടുത്തിയും പൊതുവിൽ നിക്ഷേപകർക്കു വിശ്വാസം പകർന്നും ധനമന്ത്രി നിർമല സീതാരാമൻറെ കേന്ദ്ര ബജറ്റ്. കാർഷിക വായ്പാലക്ഷ്യം വർധിപ്പിക്കുകയും എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പിഎം ആവാസ് യോജനയുടെ വിഹിതം 66 ശതമാനം ഉയർത്തുകയും ചെയ്തുകൊണ്ട് കൂടുതൽ സാധാരണക്കാരിലേക്ക് എത്തിച്ചേരാനുള്ള വിശാല പദ്ധതിയും ധനമന്ത്രി മനസിൽ കാണുന്നുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നൽകുന്ന പരിഗണനയും ബജറ്റിനെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിൽ പങ്കുവഹിക്കുന്നവയാണ്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപിന്തുണയാർജിക്കാവുന്ന നടപടികൾ ഉൾക്കൊള്ളുന്നതാണു നിർമല സീതാരാമൻറെ അഞ്ചാമത്തെ ബജറ്റ് എന്നു സാരം. ജനവിരുദ്ധം എന്നു കുറ്റപ്പെടുത്തി പ്രതിപക്ഷത്തിനു കളംപിടിക്കാൻ ധനമന്ത്രി അവസരം നൽകുന്നില്ല.
പുതിയ സ്കീമിൽ ആദായ നികുതി റിബേറ്റ് പരിധി അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷം രൂപയായി ഉയർത്തിയും ആറു സ്ലാബുകൾ അഞ്ചായി കുറച്ചും വരുത്തിയ പരിഷ്കാരങ്ങൾ ഇടത്തരം വരുമാനക്കാരെ ആകർഷിക്കുന്നതാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്നു തിരിച്ചുവരുന്ന ഈ സമയത്ത് ആദായ നികുതിയിൽ ഇളവുകൾ വേണമെന്ന ആവശ്യം പൊതുവായി ഉയർന്നിരുന്നു.
തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളുടെ വ്യക്തിഗത നികുതിഭാരം കുറയ്ക്കണമെന്ന ആവശ്യം ബിജെപിയിലും ഉണ്ടായിരുന്നു. രാഷ്ട്രീയമായി കൂടി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത് ബജറ്റ് പ്രസംഗത്തിൻറെ ഏറ്റവും അവസാനമാണ്.