Timely news thodupuzha

logo

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

ന്യൂഡൽഹി: നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻറ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓർഡർ എത്താൻ നാലുമണി കഴിഞ്ഞതിനാൽ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.

ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തൻറെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ചു. ‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ ഇപ്പോഴും കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ദില്ലിയിലേക്ക് പോകും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.

നേരത്തെ 2 തവണ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. രോഗബാധിതയായ മാതാവിനെ കാണാനും കൊവിഡ് ബാധിതനായപ്പോൾ എയിംസിൽ ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്. ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഉത്തർപ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിക്കടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. നീണ്ട 27 മാസമായി ജയിലിൽ കഴിയുകയായിരുന്നു കാപ്പൻ.

Leave a Comment

Your email address will not be published. Required fields are marked *