തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്കെന്ന പ്രമേയത്തിൽ കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസായിരുന്നു ഉദ്ഘാടനം. വിദ്യാർഥികളിൽ മൂല്യബോധം വളർത്തുന്നതിൽ ഭാഷാ അധ്യാപകർക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എച്ച് മൈതീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എ.ടി.എഫ് എറണാകുളം ജില്ലാ സെക്രട്ടറി സി.എം സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർമാരുടെ ജനറൽ ട്രാൻസ്ഫർ ഉടനെ നടപ്പിലാക്കണമെന്നും പാർട്ട് ടൈം അധ്യാപകർക്ക് പ്രമോഷൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവത്തിന്റെ ലോഗോ തയ്യാറാക്കിയ സി.എം സുബൈറിന് ഉപഹാരം സമ്മാനിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശെല്യാംപാറ എസ്.എൻ.വി.യുപിഎസ് അധ്യാപകൻ ഫരീദ് ഫാറൂഖിക്ക് യാത്രയയപ്പ് നൽകി. ജില്ലാ ജന.സെക്രട്ടറി അനീസ് അലി എം.എം, ട്രഷറർ നജ്മുദ്ദീൻ, ബഷീർ മാസ്റ്റർ, സി.എം സുബൈർ, സുഹ്‌റ, ആമിന, മൈമൂനത്ത്, ഷാഹിദ തുടങ്ങിയവർ സംസാരിച്ചു.