തൊടുപുഴ: മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കാനും അതിൽ നിന്നും വരുമാനം കണ്ടെത്താനുമുള്ള സമ്പാദ്യശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ വെറ്റിനറി കേന്ദ്രം തൊടുപുഴയുടെയും നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലാണ് പരിപാടി നടന്നത്. സ്കൂളിലെ പൗൾട്രി ക്ലബ്ബ് അംഗങ്ങളായ 50 കുട്ടികൾക്ക് 5 മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കുട്ടികൾ കൊണ്ട് വരുന്ന മുട്ടകൾ വിലയ്ക്ക് വാങ്ങി സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച് കുട്ടികൾക്ക് ഒരു വരുമാനമാർഗം ഉറപ്പ് വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്കൂൾ ഹെഡ് മാസ്റ്റർ റ്റി.എൽ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം വാർഡ് കൗൺസിലർ ജോസ് മഠത്തിൽ നിർവ്വഹിച്ചു.
ജില്ലാ വെറ്റിനറി സീനിയർ സർജൻ ജസ്റ്റിൻ ജേക്കബ് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. എം പി റ്റി എ പ്രസിഡന്റ് ഡിമ്പിൾ വിനോദ്, അധ്യാപകരായ അനീഷ് കെ ജോർജ്, ജിൻസ് കെ ജോസ്, സി. ലിൻസി, ബിന്ദു ഓലിയപ്പുറം, അനിത ജോയി, മിനിമോൾ ആർ, സുഹറ വി ഐ എന്നിവർ പ്രസംഗിച്ചു.