ദുബായ്: യു.എ.ഇയിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്.
നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവർ പരമാവധി വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.