കുഞ്ചിത്തണ്ണി: സ്വകാര്യ ബസിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിയെ റോഡിൽ ഇറക്കി വിട്ടതായി പരാതി. ചൊവ്വാഴ്ച്ച രാവിലെ 8.50 ന് ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് ഇരുപതേക്കർ റോഡിലാണ് സംഭവം നടന്നത്. രാവിലെ 8.50ന് ഇരുപതേക്കറിൽ നിന്നും പൊട്ടൻകാടിന് സ്കൂളിൽ പോകുന്നതിന് വേണ്ടി ബസ്സിൽ കയറിയ വിദ്യാർത്ഥിയെയാണ് റോഡിൽ ഇറക്കി വിട്ടത്.

പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പഠിക്കുന്ന ആൺകുട്ടിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഇരുപതേക്കർ കുടി ഭാഗത്ത് നിന്നും ബസിൽ കയറിയ വിദ്യാർത്ഥിയുടെ സ്കൂൾ ബാഗ് ലാറ്റിൻ പള്ളിക്ക് സമീപം എത്തിയപ്പോൾ ബസ്സിൽ നിന്ന് താഴേക്ക് വീണു. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. യാത്രക്കാർ പറഞ്ഞതനുസരിച്ച് ബസ് ഡ്രൈവർ നിർത്തി. ബാഗ് എടുക്കുവാൻ വിദ്യാർത്ഥി റോഡിലേക്ക് ഇറങ്ങിയപ്പോൾ ബസ് വീണ്ടും മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. ബസ്സിലുള്ള യാത്രക്കാർ വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ല എന്നാണ് ആക്ഷേപം.
പഠിക്കാൻ ആഗ്രഹമുള്ളവനാണെങ്കിൽ എങ്ങനെയെങ്കിലും സ്കൂളിൽ എത്തിക്കോളും എന്ന് ബസ്സിന്റെ ക്ലീനർ പ്രതികരിച്ചതായി യാത്രക്കാർ പറഞ്ഞു. പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കയറിയാണ് വിദ്യാർത്ഥി പിന്നീട് സ്കൂളിൽ എത്തിയത്. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും വഴിയിൽ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്കൂൾ പിടിഎയുമായി ആലോചിച്ച് മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.





