ന്യൂഡൽഹി: അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞ. ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുക്കും.


ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കുകയെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഗോപാൽ റോയ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ , മുകേഷ് അഹ്ലാവത്ത് എന്നിവരും അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
മുകേഷ് അഹ്ലാവത്ത് ആദ്യമായാണ് മന്ത്രിപദത്തിൽ എത്തുന്നത്. സെപ്റ്റംബർ 17നാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചത്.
മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് തുടരുന്ന സാഹചര്യത്തിലാണ് രാജി. കെജ്‌രിവാളാണ് അതിഷിയെ മുഖ്യമന്ത്രിയായി നാമനിർദേശം ചെയ്തത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അതിഷി മുഖ്യമന്ത്രിയായി അധികാരം ഏൽക്കാൻ ഒരുങ്ങുന്നത്.