ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം.
ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളെജ് അടക്കമുള്ള ആശുപത്രികൾക്കു ജാഗ്രതാ നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
ജീവനക്കാരുടെ അവധിയടക്കം നിയന്ത്രിക്കണമെന്നും അറിയിപ്പിലുണ്ട്. രോഗികളെ പരിചരിക്കാൻ ആശുപത്രിയിലുണ്ടായിരിക്കണം. അവശ്യ മരുന്നുകൾ, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സാധനങ്ങൾ എന്നിവ കരുതണം. ആശുപത്രികളിൽ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയതിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ജമ്മു കശ്മീരിൽ ഇതുവരെ 5 ഭീകരരുടെ വീടുകൾ തകർത്തു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്ന തീവ്രവാദികളുടെ വീടുകളാണ് സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്. ജില്ലാ ഭരണകൂടത്തിൻറേതായിരുന്നു നടപടി. കൂടുതൽ പൊളിക്കൽ നടപടികൾ വരും ആഴ്ചകളിലും ഉണ്ടായേക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.