Timely news thodupuzha

logo

യു.എ ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ; ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ന്യൂയോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു .

ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണ് എന്ന ധാരണ തെറ്റാണെന്ന് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. അതുപോലെ, എല്ലാ മതങ്ങളും നന്മ നിറഞ്ഞ കാര്യങ്ങളാണ് ഉത്ബോധിപ്പിക്കുന്നത്. എന്നാൽ എല്ലാ മതങ്ങളിലും ചില കുഴപ്പക്കാർ ഉണ്ടായതുകൊണ്ട് നമ്മൾ എല്ലാ മതങ്ങളെയും തള്ളിപ്പറയുന്നതും ശരിയല്ല. ഒരു വിശ്വാസി അല്ലാതിരുന്നിട്ടും ഭൂരിപക്ഷ മുസ്ലിം പ്രദേശമായ നാദാപുരത്തെ ജനപ്രതിയായിരിക്കുമ്പോൾ അവർ തന്നെ കണ്ടത് താൻ അസാന്മാർഗിക ജീവിതം നയിക്കുന്ന, തിന്മകൾ ചെയ്യുന്ന വ്യക്തി എന്ന അർത്ഥം വരുന്ന ഒരു ‘കാഫിർ’ അല്ല എന്ന വിശ്വാസത്താലാണ്. ഫേസ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ബീരാൻ സാഹിബിനെ പോലെ നാടിനും സാഹിത്യത്തിനും സമൂഹത്തിനും സേവനം ചെയ്ത ബഹുമുഖ പ്രതിഭകളെ സ്മരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഫേസ് ബുക്ക് പേജ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയർച്ചയും മാത്രമേ നൽകിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് അമേരിക്കയിൽ ഇപ്പോൾ എനിക്ക് മുന്നിൽ കാണുന്ന ടെക്നോളജിസ്റ്റുകളും, പ്രഫഷണലുകളും, സ്കോളർ ഷിപ്പ് നേടിയ ഗവേഷണ വിദ്യാർതികളും, യു.എൻ സമ്മിറ്റിൽ വരെ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളും. വർഷങ്ങൾക്ക് മുമ്പ് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ സർജറിക്ക് വേണ്ടി അഡ്മിറ്റ് ചെയ്യപ്പെട്ട സമയത്ത് നാട്ടിൽ ഉമ്മ മരിച്ച സന്നിഗ്ദ ഘട്ടത്തിൽ അമേരിക്കയിൽ നിന്നും ലഭിച്ച സ്നേഹ സാന്ത്വനം ഒരിക്കലും മറക്കാൻ കഴിയുന്നതല്ല എന്ന് മുനവ്വർ തങ്ങൾ വികാര പൂർവ്വം അനുസ്മരിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായി കൊണ്ട് സംസാരിച്ച രാജ്യസഭാ മെമ്പറും മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുൽ വഹാബ് എം.പി ധന സമ്പാദനവും അധികാരവും നേടുന്നതിനേക്കാൾ ആശ്വാസം പകരുക മനുഷ്യ നന്മയും വ്യക്തി ബന്ധങ്ങളും പരസ്പര സ്നേഹവുമാണെന്ന് സൂചിപ്പിച്ചു. ഈ കാലഘട്ടത്തിൽ കേരളത്തിലെ പൊതുസമൂഹത്തിൽ മതേതര മൂല്യങ്ങളും ജാതിമതഭേദമന്യേയുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തിൻറെ മേന്മകൾ പി.വി.വഹാബ് മനോഹരമായി അവതരിപ്പിച്ചു.

യു.എ നസീർ, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. അൻസാർ കാസിം ചടങ്ങിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *