തിരുവനന്തപുരം: സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിർമാണം, സിനിമാ നിർമാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി.
വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി. 2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു.
അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനായി 63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതൽ ക്രെഷുകളും ഡേ-കെറുകളും ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ- കെയറുകൾ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ മാറ്റി വയ്ക്കും.