മൊണ്ടാന: യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ. മൊണ്ടാനയിലാണ് മൂന്നു ബസുകളുടെ വലുപ്പമുള്ള ബലൂൺ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ബലൂണിൻറെ സഞ്ചാരം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ബലൂൺ വെടിവച്ചിടരുതെന്നു പെന്റഗൺ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമഗതാഗത പാതയിൽ നിന്നും ഏറെ ഉയരത്തിലാണ് ബലൂൺ പറക്കുന്നത്. നിലവിൽ ഭീഷണിയൊന്നും ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
എന്നാൽ തന്ത്രപ്രധാന മേഖലകളിലൂടെയാണ് ബലൂണിൻറെ സഞ്ചാരപഥം. വെടിവച്ചിട്ടാലുണ്ടാകുന്ന അവശിഷ്ടങ്ങൾ അപകടകരമായേക്കാമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് അതിനു മുതിരാത്തത്. നോർത്ത് അമേരിക്കൻ എയറോസ്‌പേസ് ഡിഫൻസ് കമാൻഡ് ബലൂണിൻറെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നേരത്തെയും അമേരിക്കൻ ആകാശത്ത് ചൈനീസ് ചാരബലൂണുകൾ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.