മുംബൈ: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ. ഇൻസ്റ്റഗ്രാമിലൂടെയാണ് രത്തൻ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ ശ്രദ്ധയിൽ പെട്ടതായും നിലവിൽ ആശങ്കാജനകമായി യാതൊന്നും ഇല്ലെന്നും വ്യാജവാർത്തകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രായാധിക്യവും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മൂലം മെഡിക്കൽ ചെക്ക് അപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രക്തസമ്മർദം കുറഞ്ഞത് മൂലം രത്തൻ ടാറ്റയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഗുരുതരാവസ്ഥയിൽ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ തുടരുകയാണെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.