ന‍്യൂഡൽഹി: രാജ‍്യത്തെ ആഭ‍്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2030 ഓടെ 30 കോടിയാകുമെന്ന് സിവിൽ വ‍്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു.
ന‍്യൂഡൽഹിയിൽ ഫ്രഞ്ച് എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിനിടെയാണ് മന്ത്രി ഈ കാര‍്യം വ‍്യക്തമാക്കിയത്.
രാജ്യത്തെ ആഗോള വ്യോമയാന കേന്ദ്രമായി ഉയർത്തുന്നതിന് ഇന്ത്യൻ വ്യോമയാനം വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 2030 അവസാനത്തോടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 300 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ അവസരം തിരിച്ചറിഞ്ഞ് പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി ഏകദേശം 11 ബില്യൺ ഡോളർ (92,395 കോടി രൂപ) ചെലവിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഇക്കൊല്ലത്തെ മെയ്‌വരെയുള്ള കണക്കനുസരിച്ച് 13.89 കോടിയാണ് അഭ‍്യന്തര വിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമടക്കം 157 വിമാനത്താവളങ്ങളാണ് നിലവിൽ ഇന്ത‍്യയിലുള്ളത്. അടുത്ത 20-25 വർഷംകൊണ്ട് 200 വിമാത്താവളങ്ങൾകൂടി വികസിപ്പിക്കാനുകമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.