ബാംഗ്ലൂർ: മകന് യോഗ ക്ലാസിൽ ചേരാൻ വേണ്ടി അക്കൗണ്ടിലേക്ക് നൽകിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുത്തത് തിരിച്ചെടുക്കാൻ ശ്രമിച്ച അധ‍്യാപികയ്ക്ക് നഷ്ടമായത് 84,000 രൂപ. ബംഗളൂരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിക്കാണ് പണം നഷ്ടമായത്. യോഗ ക്ലാസിൽ ചേരുന്നതിനു വേണ്ടി 2360 രൂപയായിരുന്നു അധ‍്യാപിക മകന് അയച്ചു നൽകിയത്.
എന്നാൽ പണം ലഭിച്ചില്ലെന്ന് മകൻ വിളിച്ചു പറഞ്ഞതോടെ പണം മറ്റൊരാൾക്കാണ് അയച്ചതെന്ന് മനസിലായി. പരിശോധനയ്ക്കു ശേഷം മനോജ് എന്നയാൾക്കാണ് പണം നൽകിയതെന്ന് തിരിച്ചറിഞ്ഞു. മുമ്പ് ഒരു ഓൺലൈൻ ടാക്സി ആപ്പ് വഴി യാത്ര ചെയ്ത ശേഷം ഡ്രൈവർക്ക് ഓൺലൈൻ വഴി പണം നൽകിയിരുന്നു.
ഇതേ അക്കൗണ്ടിലേക്കാണ് മകന് അയച്ചു നൽകേണ്ടിയിരുന്ന തുക അബദ്ധത്തിൽ അയച്ചു നൽകിയത്. തുടർന്ന് ഇൻറർനെറ്റ് നോക്കി ഓൺലൈൻ പേയ്മെൻറ് ആപ്പിൻറെ കസ്റ്റമർ കെയറിൻറെ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് 6900867712 എന്ന നമ്പറിൽ നിന്നും കോൾ വരുകയും പ്രശ്നം പരിഹരിക്കാമെന്നും ഡിപ്പാർട്മെൻറിൽ നിന്നും കോൾ വരുമെന്നും അറിയിച്ചു.
തുടർന്ന് കോൾ വരുകയും പണം തിരിച്ചു നൽകാനുള്ള നടപടി വാട്സാപ്പ് മുഖേനയാണ് ചെയ്യുന്നതെന്ന് ധരിപ്പിച്ച് ഒരു ലിങ്ക് അയച്ചു നൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാളാവുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം രാവിലെ നോക്കിയപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 84,360 രൂപയും കാലിയായിരുന്നു. തുടർന്ന് പണം നഷ്ടമായെന്ന് മനസിലായ അധ‍്യാപിക ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.