തിരുവനന്തപുരം: ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിൻറെ പശ്ചാത്തലത്തിൽ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. സഹസ്ര കോടികൾ നികുതിയിനത്തിൽ പിരിച്ചെടുക്കാതെ സർക്കാർ 4,000 കോടി രൂപയുടെ അധിക നികുതി ഒറ്റയടിക്ക് ചുമത്തി.
പ്രാണവായുവിനു മാത്രമാണ് നികുതിഭാരം ഇല്ലാത്തത്. നികുതിക്കൊള്ളയ്ക്കെതിരേ കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കും. നികുതി ബഹിഷ്കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടുകയാണ്. മുമ്പും സർക്കാരുകൾ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങൾക്ക് ആശ്വാസം കിട്ടുന്ന നടപടികളും, നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു.
എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ പോലും കൂട്ടിയില്ല. എല്ലാ വർഷവും പെൻഷൻ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാരാണിത്. പുതിയ വൻകിട പദ്ധതികളില്ല. യുഡിഎഫിൻറെ കാലത്തു തുടങ്ങിവച്ച വൻകിട പദ്ധതികൾ മുടന്തുമ്പോൾ, സർക്കാരിൻറെ പിന്തുണയും ഇല്ലാതായിരിക്കുന്നു. അതേസമയം, സർക്കാരിൻറെ ധൂർത്തിനും പാഴ്ച്ചെലവുകൾക്കും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാൻ സർക്കാർ തയാറല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.