കൊച്ചി: വിമാന കമ്പനികൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സന്ദേശത്തിന്‍റെ ഉറവിടം തേടി സമൂഹമാധ്യമമായ എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്.
ഇന്ത്യയിലെ നൂറോളം വിമാനങ്ങൾക്കാണ് ഒരാൾത്തോളമായി നിരവധി വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.
ഇവയെല്ലാം വിമാന കമ്പനികളുടെ എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് എക്സിനെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചത്. നേരത്തെ അലയൻസ് എയറിന് adamlanza111 എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
പരിശോധനയിലിത് വ്യാജമാണെന്ന് കണ്ടെത്തി. ആകാശ എയറിനു ഭീഷണി സന്ദേശം വന്നത് schizophrenia111 എന്ന അക്കൗണ്ടിൽ നിന്നാണ്. കമ്പനിയുടെ ആറു വിമാനങ്ങളിൽ 12 പേർ ബോംബുമായി കയറിയിട്ടുണ്ടെന്നായിരുന്നു ഭീഷണി.
ഇതിന് പിന്നാലെ ചൊവ്വാഴ്ചയും ഭീഷണി സന്ദേശങ്ങളെത്തി. ഈ ഭീഷണി സന്ദേശങ്ങളെല്ലാം ഒരാൾ തന്നെയാണ് അയക്കുന്നതെന്നാണ് പൊലീസ് നിഗമനം.
സന്ദേശം അയയ്ക്കുന്നവർ ഐ.പി വിലാസം അടക്കം മറയ്ക്കുന്നതിന് വി.പി.എൻ(വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്) ഉപയോഗിക്കുന്നതും പൊലീസിന് വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചാണ് അന്വേഷണം.