ഒട്ടാവ: ക‍്യാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖാലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആക്രമണത്തെ അപലപിച്ചു.
ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമം അംഗീകരിക്കാനാവില്ല. ഓരോ ക‍്യാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ട്. സമൂഹത്തെ സംരക്ഷിക്കാനും ഈ സംഭവം അന്വേഷിക്കാനും വേഗത്തിൽ പ്രതികരിച്ചതിന് പീൽ റീജിയണൽ പൊലീസിന് നന്ദിയെന്നും പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു.
വടികളുമായി എത്തിയ സംഘം ക്ഷേത്രത്തിന് മുന്നിൽ വച്ച് വിശ്വാസികളെ ആക്രമിക്കുന്നത് സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഘർഷ സാധ‍്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന‍്യസിച്ചിട്ടുണ്ട്.